feet

യോഹന്നാന്റെ സുവിശേഷം

ഒരു യഥാർത്ഥ കഥ



ജീവന്റെ വചനം

1ആദിയിൽത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു. 2ആ വചനം ആദിയിൽത്തന്നെ ദൈവത്തോടുകൂടി ആയിരുന്നു. 3വചനം മുഖാന്തരമാണ് സകലവും ഉണ്ടായത്; സൃഷ്‍ടികളിൽ ഒന്നുംതന്നെ വചനത്തെ കൂടാതെ ഉണ്ടായിട്ടില്ല. 4വചനത്തിൽ ജീവനുണ്ടായിരുന്നു; ആ ജീവൻ മനുഷ്യവർഗത്തിനു പ്രകാശം നല്‌കിക്കൊണ്ടിരുന്നു. 5ഇരുളിൽ പ്രകാശിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചത്തെ ഇരുൾ ഒരിക്കലും കീഴടക്കിയിട്ടില്ല. 6യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു. 7അദ്ദേഹം സാക്ഷ്യം വഹിക്കുവാൻ, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിനു വെളിച്ചത്തിനു സാക്ഷ്യം വഹിക്കുവാൻ തന്നെ വന്നു. 8അദ്ദേഹം വെളിച്ചമായിരുന്നില്ല; വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം വഹിക്കുവാൻ വന്നവൻ മാത്രമായിരുന്നു. 9സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യവെളിച്ചം പ്രപഞ്ചത്തിലേക്കു വന്നുകൊണ്ടിരുന്നു. 10അവിടുന്നു പ്രപഞ്ചത്തിലുണ്ടായിരുന്നു. പ്രപഞ്ചം അവിടുന്നു മുഖാന്തരമാണു സൃഷ്‍ടിക്കപ്പെട്ടത്; എങ്കിലും ലോകം അവിടുത്തെ അറിഞ്ഞില്ല. 11അവിടുന്നു സ്വന്തമായതിലേക്കു വന്നു; എന്നാൽ സ്വജനങ്ങൾ അവിടുത്തെ സ്വീകരിച്ചില്ല. 12തന്നെ സ്വീകരിച്ച്, തന്റെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കൾ ആകുവാനുള്ള അധികാരം അവിടുന്നു നല്‌കി. 13അവിടുന്നു ജനിച്ചത് മനുഷ്യരക്തത്തിൽ നിന്നല്ല; ലൈംഗിക പ്രേരണയാലും പുരുഷന്റെ ഇച്ഛയാലും അല്ല; പ്രത്യുത, ദൈവത്തിൽ നിന്നത്രേ. 14വചനം മനുഷ്യജന്മമെടുത്തു, ദൈവത്തിന്റെ വരപ്രസാദവും സത്യവും സമ്പൂർണമായി നിറഞ്ഞ് നമ്മുടെ ഇടയിൽ വസിച്ചു; അവിടുത്തെ തേജസ്സ് പിതാവിൽനിന്നുള്ള ഏകജാതന്റെ തേജസ്സായി ഞങ്ങൾ ദർശിച്ചു. 15യോഹന്നാൻ അവിടുത്തെ സാക്ഷ്യം വഹിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ പിന്നാലെ ഒരാൾ വരുന്നുണ്ടെന്നും, അവിടുന്ന് എനിക്കു മുമ്പേ ഉള്ളവനായതിനാൽ എന്നെക്കാൾ ശ്രേഷ്ഠനാണെന്നും ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചാണ്.” 16അവിടുത്തെ സമ്പൂർണതയിൽനിന്നു നമുക്കെല്ലാവർക്കും മേല്‌ക്കുമേൽ കൃപ ലഭിച്ചിരിക്കുന്നു. മോശ മുഖാന്തരം ധാർമിക നിയമങ്ങൾ നല്‌കപ്പെട്ടു; 17കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. ദൈവത്തെ ആരും ഒരിക്കലും ദർശിച്ചിട്ടില്ല; 18പിതാവിന്റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രൻ അവിടുത്തെ വെളിപ്പെടുത്തിയിരിക്കുന്നു.




യേശു ദേവാലയത്തിൽ

13യെഹൂദന്മാരുടെ പെസഹാപെരുന്നാൾ സമീപിച്ചിരുന്നു. അതിനാൽ യേശു യെരൂശലേമിലേക്കുപോയി. 14ദേവാലയത്തിൽ ആടുമാടുകളെയും പ്രാക്കളെയും വിൽക്കുന്നവരെയും നാണയം മാറിക്കൊടുക്കുന്ന വ്യാപാരത്തിലേർപ്പെട്ടിരിക്കുന്നവരെയും കണ്ടിട്ട് 15യേശു കയറുകൊണ്ട് ഒരു ചാട്ട ഉണ്ടാക്കി, അവിടെ വ്യാപാരം ചെയ്തുകൊണ്ടിരുന്ന എല്ലാവരെയും ആടുമാടുകളെയും അവിടെനിന്നു പുറത്താക്കി; നാണയം മാറുന്നവരുടെ മേശകൾ മറിച്ചിട്ടു പണം ചിതറിച്ചുകളഞ്ഞു. 16പ്രാക്കളെ വിൽക്കുന്നവരോട് “ഇവയെല്ലാം ഇവിടെനിന്നു കൊണ്ടുപോകൂ; എന്റെ പിതാവിന്റെ ഭവനം വ്യാപാരശാല ആക്കിക്കൂടാ” എന്നു പറഞ്ഞു. 17“അവിടുത്തെ ആലയത്തെക്കുറിച്ചുള്ള ശുഷ്കാന്തി എന്നെ ഗ്രസിച്ചുകളയും” എന്ന വേദലിഖിതം ശിഷ്യന്മാർ ആ സമയത്ത് അനുസ്മരിച്ചു. 18യെഹൂദന്മാർ അവിടുത്തോട്: “ഇവയെല്ലാം ചെയ്യുവാൻ താങ്കൾക്ക് അധികാരമുണ്ടെന്നുള്ളതിന് എന്താണ് അടയാളം? ഞങ്ങൾക്കു കാണിച്ചുതരൂ” എന്നു പറഞ്ഞു. 19“ഈ ആലയം നശിപ്പിക്കുക; മൂന്നു ദിവസംകൊണ്ട് ഞാനിതു വീണ്ടും പണിയാം” എന്ന് യേശു പ്രതിവചിച്ചു. 20ഉടനെ യെഹൂദന്മാർ അവിടുത്തോടു ചോദിച്ചു: “നാല്പത്തിയാറു വർഷംകൊണ്ടാണ് ഈ ദേവാലയം നിർമിച്ചത്. ഇതു മൂന്നു ദിവസംകൊണ്ടു താങ്കൾ വീണ്ടും പണിയുമെന്നോ?” 21എന്നാൽ തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചായിരുന്നു യേശു സൂചിപ്പിച്ചത്. 22യേശു പറഞ്ഞ ഈ വാക്കുകൾ അവിടുന്ന് മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റപ്പോൾ ശിഷ്യന്മാർ അനുസ്മരിച്ചു. അങ്ങനെ അവർ വേദലിഖിതവും യേശു പറഞ്ഞ വചനവും വിശ്വസിച്ചു. 23പെസഹാപെരുന്നാളിന് യേശു യെരൂശലേമിൽ ആയിരുന്നപ്പോൾ ചെയ്ത അദ്ഭുതപ്രവൃത്തികൾ കണ്ട് അനേകമാളുകൾ അവിടുത്തെ നാമത്തിൽ വിശ്വസിച്ചു. 24എന്നാൽ യേശു എല്ലാവരെയും അറിഞ്ഞിരുന്നതുകൊണ്ട് അവരിൽ വിശ്വാസം അർപ്പിച്ചില്ല. 25മനുഷ്യന്റെ അന്തർഗതം അറിയാമായിരുന്നതുകൊണ്ട് അവരെപ്പറ്റി മറ്റാരുടെയും സാക്ഷ്യം യേശുവിന് ആവശ്യമില്ലായിരുന്നു.



നിക്കോദിമോസും യേശുവും

1യെഹൂദപ്രമാണിമാരുടെ കൂട്ടത്തിൽ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. 2അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയിൽ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികൾ ആർക്കും ചെയ്യുവാൻ സാധ്യമല്ല.” 3യേശു നിക്കോദിമോസിനോട്, “ഒരുവൻ പുതുതായി ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം ദർശിക്കുവാൻ കഴിയുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്ന് അരുൾചെയ്തു. 4നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യൻ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?” 5യേശു ഉത്തരമരുളി: “ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരുവൻ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. 6ഭൗതികശരീരത്തിൽനിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. 7നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറയുമ്പോൾ ആശ്ചര്യപ്പെടരുത്. 8കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. 9നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?” 10യേശു പറഞ്ഞു: “താങ്കൾ ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഈ വക കാര്യങ്ങൾ മനസ്സിലാക്കിയിട്ടില്ലേ? 11ഞാൻ ഉറപ്പിച്ചു പറയുന്നു. ഞങ്ങൾ അറിയുന്നതു പ്രസ്താവിക്കുകയും ഞങ്ങൾ കണ്ടതിനു സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല. 12ഞാൻ ഭൗമികകാര്യങ്ങൾ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയമായ കാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും? 13സ്വർഗത്തിൽ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വർഗത്തിൽ കയറിയിട്ടില്ല.” 14-15മോശ മരുഭൂമിയിൽവച്ചു സർപ്പത്തെ ഉയർത്തിയതുപോലെ, മനുഷ്യപുത്രനും തന്നിൽ വിശ്വസിക്കുന്ന ഏതൊരുവനും അനശ്വരജീവൻ ലഭിക്കേണ്ടതിന് ഉയർത്തപ്പെടേണ്ടതാണ്. 16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്നവർ ആരും നശിച്ചുപോകാതെ അനശ്വരജീവൻ പ്രാപിക്കേണ്ടതിന് ആ പുത്രനെ നല്‌കുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. 17ലോകത്തെ വിധിക്കുവാനല്ല ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്; പ്രത്യുത, പുത്രൻ മൂലം ലോകത്തെ രക്ഷിക്കുവാനാണ്. 18പുത്രനിൽ വിശ്വസിക്കുന്ന ഒരുവനും വിധിക്കപ്പെടുന്നില്ല; വിശ്വസിക്കാത്തവൻ വിധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ദൈവത്തിന്റെ ഏകപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതിനാൽത്തന്നെ. 19മനുഷ്യരുടെ പ്രവൃത്തികൾ ദുഷ്ടതനിറഞ്ഞവയായതിനാൽ വെളിച്ചം ലോകത്തിൽ വന്നിട്ടും വെളിച്ചത്തെക്കാൾ അധികം ഇരുളിനെ അവർ സ്നേഹിച്ചു. ഇതത്രേ ന്യായവിധി. 20അധമപ്രവൃത്തികൾ ചെയ്യുന്ന ഏതൊരുവനും വെളിച്ചത്തെ വെറുക്കുന്നു. തന്റെ പ്രവൃത്തികൾ വെളിച്ചത്താകുമെന്നുള്ളതിനാൽ അവൻ വെളിച്ചത്തിലേക്കു വരുന്നില്ല. 21എന്നാൽ സത്യം പ്രവർത്തിക്കുന്നവൻ തന്റെ പ്രവൃത്തികൾ ദൈവത്തെ മുൻനിറുത്തി ചെയ്തിട്ടുള്ളതാണെന്നു വ്യക്തമാകത്തക്കവിധം വെളിച്ചത്തിലേക്കു വരുന്നു.



യേശുവും ശമര്യക്കാരിയും

1യേശു യോഹന്നാനെക്കാൾ അധികം ആളുകളെ ശിഷ്യരാക്കുകയും സ്നാപനം നടത്തുകയും ചെയ്യുന്നു എന്നു പരീശന്മാർ കേട്ടു. 2യഥാർഥത്തിൽ യേശുവല്ല അവിടുത്തെ ശിഷ്യന്മാരാണ് സ്നാപനം നടത്തിയത്. 3ഇതറിഞ്ഞപ്പോൾ യേശു യെഹൂദ്യവിട്ട് ഗലീലയിലേക്കു മടങ്ങിപ്പോയി. 4അവിടുത്തേക്കു ശമര്യയിൽ കൂടിയാണ് പോകേണ്ടിയിരുന്നത്. 5അങ്ങനെ യേശു ശമര്യയിലെ സുഖാർ എന്ന പട്ടണത്തിലെത്തി. യാക്കോബ് സ്വപുത്രനായ യോസേഫിനു നല്‌കിയ വയലിനു സമീപത്തായിരുന്നു ഈ പട്ടണം. 6യാക്കോബിന്റെ കിണറും അവിടെയായിരുന്നു. യാത്രാക്ഷീണംകൊണ്ട് യേശു ആ കിണറിന്റെ അരികിലിരുന്നു; അപ്പോൾ ഏതാണ്ടു മധ്യാഹ്ന സമയമായിരുന്നു. 7ഒരു ശമര്യക്കാരി വെള്ളം കോരാൻ അവിടെ ചെന്നു. യേശു ആ സ്‍ത്രീയോട്: “എനിക്കു കുടിക്കാൻ അല്പം വെള്ളം തരിക” എന്നു പറഞ്ഞു. 8ഈ സമയത്ത് ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിലേക്കു പോയിരിക്കുകയായിരുന്നു. 9ആ സ്‍ത്രീ യേശുവിനോടു ചോദിച്ചു: “ഒരു യെഹൂദനായ അങ്ങ് ശമര്യക്കാരിയായ എന്നോടു എങ്ങനെ കുടിക്കാൻ ചോദിക്കും?” യെഹൂദന്മാരും ശമര്യക്കാരും തമ്മിൽ യാതൊരു സമ്പർക്കവുമില്ലായിരുന്നു. 10അതിന് യേശു മറുപടി പറഞ്ഞു: “ദൈവത്തിന്റെ ദാനം എന്താണെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരാണെന്നും നീ അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ നിനക്കു ജീവജലം നല്‌കുകയും ചെയ്യുമായിരുന്നു.” 11അപ്പോൾ ആ സ്‍ത്രീ പറഞ്ഞു: “പ്രഭോ, വെള്ളം കോരുവാൻ അങ്ങയുടെ കൈയിൽ പാത്രമില്ലല്ലോ; കിണറാണെങ്കിൽ ആഴമേറിയതാണുതാനും; പിന്നെ എവിടെനിന്നാണ് അങ്ങേക്കു ജീവജലം ലഭിക്കുക? 12നമ്മുടെ പൂർവപിതാവായ യാക്കോബിനെക്കാൾ വലിയവനാണോ അങ്ങ്? അദ്ദേഹമാണ് ഞങ്ങൾക്ക് ഈ കിണർ നല്‌കിയത്. അദ്ദേഹവും സന്താനങ്ങളും അദ്ദേഹത്തിന്റെ മൃഗങ്ങളും ഇതിലെ വെള്ളമാണു കുടിച്ചുപോന്നത്.” 13യേശു പ്രതിവചിച്ചു: “ഈ വെള്ളം കുടിക്കുന്നവനു പിന്നെയും ദാഹിക്കും. ഞാൻ നല്‌കുന്ന വെള്ളം കുടിക്കുന്നവന് ഒരിക്കലും ദാഹിക്കുകയില്ല. 14ഞാൻ നല്‌കുന്ന ജലം അവന് അനശ്വരജീവനിലേക്ക് ഉദ്ഗമിക്കുന്ന നീരുറവയായിത്തീരും.” 15സ്‍ത്രീ അവിടുത്തോട്: “പ്രഭോ, ആ ജലം എനിക്കു തന്നാലും. പിന്നീട് എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാൻ ഇവിടംവരെ വരികയും വേണ്ടല്ലോ” എന്നു പറഞ്ഞു. 16അപ്പോൾ യേശു: “നീ പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരൂ” എന്ന് ആജ്ഞാപിച്ചു. 17“എനിക്കു ഭർത്താവില്ല എന്നായിരുന്നു ശമര്യക്കാരിയുടെ മറുപടി. യേശു പറഞ്ഞു: “നിനക്കു ഭർത്താവില്ല എന്നു നീ പറഞ്ഞതു ശരിയാണ്. 18നിനക്ക് അഞ്ചു ഭർത്താക്കന്മാരുണ്ടായിരുന്നു. ഇപ്പോഴുള്ളവൻ യഥാർഥത്തിൽ നിന്റെ ഭർത്താവല്ല. നീ പറഞ്ഞതു സത്യം തന്നെ.” 19അപ്പോൾ ആ സ്‍ത്രീ യേശുവിനോടു പറഞ്ഞു: “പ്രഭോ, അങ്ങ് ഒരു പ്രവാചകനാണെന്നു ഞാൻ മനസ്സിലാക്കുന്നു. 20ഞങ്ങളുടെ പൂർവികന്മാർ ഈ മലയിലാണു ദൈവത്തെ ആരാധിച്ചു വന്നത്; എന്നാൽ ദൈവത്തെ ആരാധിക്കേണ്ട സ്ഥലം യെരൂശലേമിലാണെന്നു യെഹൂദന്മാരായ നിങ്ങൾ പറയുന്നു.” 21യേശു അവളോടു പറഞ്ഞു: “ഞാൻ പറയുന്നതു വിശ്വസിക്കുക; പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ യെരൂശലേമിലോ അല്ലാതാകുന്ന സമയം വരുന്നു. 22ആരെയാണ് ആരാധിക്കുന്നത് എന്ന് ശമര്യരായ നിങ്ങൾ യഥാർഥത്തിൽ അറിയുന്നില്ല; യെഹൂദന്മാരായ ഞങ്ങൾക്കറിയാം, ഞങ്ങൾ ആരെയാണ് ആരാധിക്കുന്നതെന്ന്; 23രക്ഷ യെഹൂദന്മാരിൽനിന്നാണല്ലോ വരുന്നത്. യഥാർഥ ആരാധകർ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അല്ല വന്നു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്. 24“ദൈവം ആത്മാവാകുന്നു; ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.” 25ആ സ്‍ത്രീ യേശുവിനോട്: “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന മിശിഹാ വരുമെന്ന് എനിക്കറിയാം; അവിടുന്നു വരുമ്പോൾ സമസ്തവും ഞങ്ങൾക്ക് ഉപദേശിച്ചുതരും” എന്നു പറഞ്ഞു. 26യേശു ഉത്തരമരുളി: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നെയാണു മിശിഹാ.” 27ഈ സന്ദർഭത്തിൽ ശിഷ്യന്മാർ മടങ്ങിയെത്തി. യേശു ഒരു സ്‍ത്രീയോട് സംസാരിക്കുന്നതു കണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “നിനക്ക് എന്തുവേണം?” എന്ന് ആ സ്‍ത്രീയോടോ, “അവളോടു സംസാരിക്കുന്നത് എന്തിന്?” എന്ന് യേശുവിനോടോ ആരും ചോദിച്ചില്ല. 28പിന്നീട് ആ സ്‍ത്രീ കുടം അവിടെ വച്ചിട്ടു പട്ടണത്തിലേക്കു തിരിച്ചുപോയി അവിടത്തെ ജനങ്ങളോടു പറഞ്ഞു: 29“ഞാൻ ഇന്നുവരെ ചെയ്തിട്ടുള്ളതെല്ലാം എന്നോടു പറഞ്ഞ ആ മനുഷ്യനെ വന്നു കാണുക; അദ്ദേഹം മിശിഹാ ആയിരിക്കുമോ?” 30അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കലേക്കു ചെന്നു. 31ഇതിനിടയ്‍ക്ക് ശിഷ്യന്മാർ യേശുവിനോട് “ഗുരോ, ഭക്ഷണം കഴിച്ചാലും” എന്ന് അപേക്ഷിച്ചു. 32അവിടുന്ന് അവരോടു പറഞ്ഞു: “നിങ്ങൾക്ക് അജ്ഞാതമായ ആഹാരം എനിക്കുണ്ട്.” 33“വല്ലവരും അവിടുത്തേക്ക് ഭക്ഷണം കൊണ്ടുവന്നു കൊടുത്തു കാണുമോ?” എന്ന് ശിഷ്യന്മാർ അന്യോന്യം ചോദിച്ചു. 34യേശു ഉത്തരം പറഞ്ഞു: “എന്നെ അയച്ചവന്റെ അഭീഷ്ടം നിറവേറ്റുകയും അവിടുന്ന് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് എന്റെ ആഹാരം. 35‘കൊയ്ത്തിന് ഇനിയും നാലുമാസംകൂടിയുണ്ട്’ എന്നല്ലേ നിങ്ങൾ പറയുന്നത്? ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ തലയുയർത്തി നോക്കുക. ഇപ്പോൾത്തന്നെ നിലം വിളഞ്ഞു വെളുത്ത് കൊയ്യാൻ പാകമായിരിക്കുന്നു. 36വിതയ്‍ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ച് ആഹ്ലാദിക്കുവാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങുകയും അവൻ അനശ്വരജീവനുവേണ്ടി വിളവു സംഭരിച്ചു വയ്‍ക്കുകയും ചെയ്യുന്നു. 37‘ഒരുവൻ വിതയ്‍ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു’ എന്ന ചൊല്ല് ഇക്കാര്യത്തിൽ ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. 38നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്ത വയലിൽനിന്നു കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു. അന്യർ അധ്വാനിച്ചു; അവരുടെ അധ്വാനഫലം നിങ്ങൾ അനുഭവിക്കുന്നു.” 39“ഞാൻ ചെയ്തിട്ടുള്ളതു സകലവും അവിടുന്ന് എന്നോടു പറഞ്ഞു” എന്നുള്ള ശമര്യക്കാരിയുടെ സാക്ഷ്യംമൂലം ആ പട്ടണത്തിലുള്ള പലരും യേശുവിൽ വിശ്വസിച്ചു. 40ശമര്യക്കാർ യേശുവിന്റെ അടുക്കൽ വന്ന് തങ്ങളോടുകൂടി താമസിക്കണമെന്ന് അപേക്ഷിച്ചു. അതനുസരിച്ച് യേശു രണ്ടു ദിവസം അവിടെ പാർത്തു. 41യേശുവിന്റെ പ്രഭാഷണം കേട്ട മറ്റനേകം ആളുകൾ തന്നിൽ വിശ്വസിച്ചു. 42അവർ ആ സ്‍ത്രീയോട്, “നീ പറഞ്ഞതുകൊണ്ടല്ല ഇപ്പോൾ ഞങ്ങൾ വിശ്വസിക്കുന്നത്: പിന്നെയോ ഞങ്ങൾ നേരിട്ട് അവിടുത്തെ വാക്കുകൾ കേട്ടിരിക്കുന്നു. അവിടുന്നു തന്നെയാണ് സാക്ഷാൽ ലോകരക്ഷകൻ എന്നു ഞങ്ങൾ ഇപ്പോൾ അറിയുന്നു” എന്നു പറഞ്ഞു.



പുത്രന്റെ അധികാരം

19യേശു അവരോടു പറഞ്ഞു: “സത്യം ഞാൻ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയിൽ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രൻ ചെയ്യുന്നുള്ളൂ. 20പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താൻ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികൾ അവിടുന്നു കാണിച്ചുകൊടുക്കും. 21പിതാവു മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവർക്ക് ജീവൻ നല്‌കുന്നു. 22-23പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവൻ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. 24“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവൻ ന്യായവിധിക്കു വിധേയനാകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. 25മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. 26താൻ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. 27അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതിൽ ആരും ആശ്ചര്യപ്പെടേണ്ടാ. 28-29ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവർ ഉയിർത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവർ ഉയിർത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.



ജീവന്റെ അപ്പം

25തടാകത്തിന്റെ മറുകരയിൽവച്ച് യേശുവിനെ കണ്ടപ്പോൾ “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെ എത്തിയത്” എന്ന് അവർ ചോദിച്ചു. 26യേശു പറഞ്ഞു: “ഞാൻ കാണിച്ച അടയാളങ്ങൾ കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടുമാത്രമാണ് നിങ്ങൾ എന്നെ അന്വേഷിക്കുന്നത് എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. 27നശ്വരമായ ആഹാരത്തിനുവേണ്ടിയല്ല നിങ്ങൾ പ്രയത്നിക്കേണ്ടത്, പ്രത്യുത, അനശ്വരജീവനിലേക്കു നയിക്കുന്ന ആഹാരത്തിനുവേണ്ടിയത്രേ. അതു മനുഷ്യപുത്രൻ നിങ്ങൾക്കു നല്‌കും; എന്തുകൊണ്ടെന്നാൽ പിതാവായ ദൈവം തന്റെ അംഗീകാരമുദ്ര പുത്രനിൽ പതിച്ചിരിക്കുന്നു.” 28അപ്പോൾ അവർ ചോദിച്ചു: “ദൈവത്തിനു പ്രസാദമുള്ള കാര്യങ്ങൾ പ്രവർത്തിക്കുവാൻ ഞങ്ങൾ എന്തു ചെയ്യണം?” 29യേശു ഉത്തരമരുളി: “ദൈവം അയച്ചവനിൽ വിശ്വസിക്കുക; അതാണു ദൈവത്തിന് ഇഷ്ടമുള്ള പ്രവൃത്തി.” 30അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയെ വിശ്വസിക്കേണ്ടതിന് എന്ത് അടയാളമാണ് അങ്ങു കാണിക്കുന്നത്? എന്താണ് അങ്ങു ചെയ്യുന്നത്? 31നമ്മുടെ പൂർവികന്മാർ മരുഭൂമിയിൽവച്ചു മന്നാ ഭക്ഷിച്ചു. അവർക്കു ഭക്ഷിക്കുവാൻ സ്വർഗത്തിൽനിന്നു മോശ അപ്പം നല്‌കി എന്നാണല്ലോ എഴുതിയിരിക്കുന്നത്.” 32യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: സ്വർഗത്തിൽനിന്നുള്ള അപ്പം മോശയല്ല നിങ്ങൾക്കു നല്‌കിയത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം എന്റെ പിതാവാണു നിങ്ങൾക്കു നല്‌കുന്നത്. 33ദൈവത്തിന്റെ അപ്പമാകട്ടെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ പ്രദാനം ചെയ്യുന്നവൻ തന്നെ.” 34അപ്പോൾ അവർ: “ഗുരോ, ഞങ്ങൾക്കു ആ അപ്പം എപ്പോഴും നല്‌കണമേ” എന്ന് അപേക്ഷിച്ചു. 35യേശു ഉത്തരമരുളി: “ഞാനാകുന്നു ജീവന്റെ അപ്പം; എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കുകയുമില്ല. 36എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. 37പിതാവ് എനിക്ക് ആരെയെല്ലാം നല്‌കുന്നുവോ അവർ എല്ലാവരും എന്റെ അടുക്കൽ വരും. എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. 38എന്തെന്നാൽ ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നത് എന്റെ ഇഷ്ടം ചെയ്യുവാനല്ല, എന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ്. 39എനിക്കു നല്‌കിയിരിക്കുന്നവരിൽ ഒരുവൻപോലും നഷ്ടപ്പെടാതെ എല്ലാവരെയും അന്ത്യദിനത്തിൽ ഉയിർപ്പിക്കണമെന്നാണ് എന്റെ പിതാവ് ഇച്ഛിക്കുന്നത്. 40പുത്രനെ കണ്ടു വിശ്വസിക്കുന്ന എല്ലാവർക്കും അനശ്വരജീവൻ ഉണ്ടാകണമെന്നതാണ് എന്റെ പിതാവിന്റെ അഭീഷ്ടം. അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.” 41സ്വർഗത്തിൽനിന്നു വന്ന അപ്പമാണു താൻ എന്ന് യേശു പറഞ്ഞതിനാൽ അവിടുത്തെക്കുറിച്ചു യെഹൂദന്മാർ പിറുപിറുത്തു. 42അവർ ചോദിച്ചു: “യോസേഫിന്റെ പുത്രനായ യേശു അല്ലേ ഈ മനുഷ്യൻ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്ക് അറിഞ്ഞൂകൂടേ? പിന്നെ എങ്ങനെയാണ് ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നു’ എന്ന് ഇയാൾ പറയുന്നത്?” 43യേശു പ്രതിവചിച്ചു: “നിങ്ങൾ അന്യോന്യം പിറുപിറുക്കേണ്ടാ. 44എന്നെ അയച്ച പിതാവ് അടുപ്പിക്കാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ സാധ്യമല്ല. അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. 45‘ദൈവം എല്ലാവരെയും പഠിപ്പിക്കും’ എന്നു പ്രവാചകന്മാർ എഴുതിയിരിക്കുന്നു. പിതാവു പറയുന്നതു കേൾക്കുകയും പഠിക്കുകയും ചെയ്യുന്നവൻ എന്റെ അടുക്കൽ വരുന്നു. 46ദൈവത്തിൽനിന്നു വരുന്നവൻ മാത്രമേ പിതാവിനെ ദർശിച്ചിട്ടുള്ളൂ. 47മറ്റാരുംതന്നെ പിതാവിനെ കണ്ടിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്നവന് അനശ്വരജീവനുണ്ട്. 48-49ഞാൻ ജീവന്റെ അപ്പമാകുന്നു. നിങ്ങളുടെ പൂർവപിതാക്കന്മാർ മരുഭൂമിയിൽവച്ച് മന്നാ ഭക്ഷിച്ചിട്ടും മരണമടഞ്ഞു. 50എന്നാൽ ഇവിടെയുള്ളത് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പമാകുന്നു. ഇതു ഭക്ഷിക്കുന്ന യാതൊരുവനും മരിക്കുകയില്ല. 51സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും. ഞാൻ കൊടുക്കുവാനിരിക്കുന്ന അപ്പം ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന എന്റെ ശരീരമാകുന്നു.” 52എങ്ങനെയാണു തന്റെ ശരീരം നമുക്കു ഭക്ഷണമായിത്തരാൻ ഈ മനുഷ്യനു കഴിയുന്നത് എന്നു പറഞ്ഞുകൊണ്ട് യെഹൂദന്മാർ അന്യോന്യം തർക്കിച്ചു. 53അപ്പോൾ യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കാതെയും രക്തം പാനം ചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനുണ്ടായിരിക്കുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. 54എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് അനശ്വരജീവനുണ്ട്; അവസാനനാളിൽ ഞാൻ അവനെ ഉയിർപ്പിക്കും. 55എന്തെന്നാൽ എന്റെ ശരീരം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. 56എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. 57ജീവിക്കുന്ന പിതാവത്രേ എന്നെ അയച്ചത്. പിതാവുമൂലം ഞാനും ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും. സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം ഇതാകുന്നു. 58നിങ്ങളുടെ പൂർവപിതാക്കൾ അപ്പം ഭക്ഷിച്ചെങ്കിലും മരിച്ചല്ലോ. അതുപോലെയല്ല ഈ അപ്പം. ഈ അപ്പം ഭക്ഷിക്കുന്ന ഏതൊരുവനും എന്നേക്കും ജീവിക്കും.’ 59യേശു കഫർന്നഹൂമിലെ സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവയെല്ലാം അരുൾചെയ്തത്.



ലോകത്തിന്റെ വെളിച്ചം

12യേശു വീണ്ടും പരീശന്മാരോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ പ്രകാശമാകുന്നു. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശം ഉണ്ടായിരിക്കും.” 13പരീശന്മാർ പറഞ്ഞു: “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം വഹിക്കുന്നു; ആ സാക്ഷ്യത്തിനു വിലയില്ല.” 14യേശു പ്രതിവചിച്ചു: “ഞാൻ എന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറഞ്ഞാലും എന്റെ സാക്ഷ്യം സത്യമാകുന്നു. ഞാൻ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ ഞാൻ എവിടെനിന്നു വന്നു എന്നോ, എവിടേക്കു പോകുന്നു എന്നോ നിങ്ങൾക്ക് അറിഞ്ഞുകൂടാ. 15മനുഷ്യന്റെ തോത് ഉപയോഗിച്ചാണ് നിങ്ങളുടെ വിധി. 16ഞാൻ ആരെയും വിധിക്കുന്നില്ല. ഞാൻ വിധിച്ചാൽതന്നെയും എന്റെ വിധി സത്യമായിരിക്കും. എന്തുകൊണ്ടെന്നാൽ ഞാൻ ഏകനായിട്ടല്ല വിധിക്കുന്നത്; പിന്നെയോ, ഞാനും എന്നെ അയച്ച പിതാവും ചേർന്നാണ്. 17രണ്ട് ആളുകളുടെ സാക്ഷ്യം ഒരുപോലെ വന്നാൽ അതു സത്യമാണെന്നു നിങ്ങളുടെ ധർമശാസ്ത്രത്തിൽ എഴുതിയിട്ടുണ്ടല്ലോ. 18ഞാൻ തന്നെ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം വഹിക്കുന്നു.” 19അപ്പോൾ അവർ ചോദിച്ചു: “എവിടെയാണു താങ്കളുടെ പിതാവ്?” യേശു മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ; എന്നെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” 20ദേവാലയത്തിൽ ശ്രീഭണ്ഡാരത്തിനടുത്തുവച്ച് ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഇപ്രകാരം പറഞ്ഞത്. എന്നാൽ അവിടുത്തെ സമയം അപ്പോഴും ആഗതമായിരുന്നില്ല. അതിനാൽ ആരും അവിടുത്തെ പിടികൂടിയുമില്ല.



അന്ധനു കാഴ്ച നല്‌കുന്നു

1യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു. ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: 2“ഗുരോ, ആരു പാപം ചെയ്തിട്ടാണ് ഈ മനുഷ്യൻ അന്ധനായി ജനിച്ചത്, ഇയാളോ, ഇയാളുടെ മാതാപിതാക്കളോ?” 3യേശു പറഞ്ഞു: “ഈ മനുഷ്യനോ ഇയാളുടെ മാതാപിതാക്കളോ പാപം ചെയ്തതുകൊണ്ടല്ല ഇയാൾ അന്ധനായി ജനിച്ചത്; പിന്നെയോ, ദൈവത്തിന്റെ പ്രവൃത്തികൾ ഇയാളിൽ പ്രത്യക്ഷമാകേണ്ടതിനാണ്. 4പകലുള്ളിടത്തോളം എന്നെ അയച്ചവന്റെ പ്രവൃത്തികൾ നാം ചെയ്യേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു. 5ഞാൻ ലോകത്തിലായിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശമാകുന്നു.” 6ഇങ്ങനെ പറഞ്ഞശേഷം അവിടുന്നു നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണിന്മേൽ പൂശിയശേഷം, 7“നീ ശീലോഹാം കുളത്തിൽ ചെന്നു കഴുകുക” എന്നു പറഞ്ഞു. ‘ശീലോഹാം’ എന്ന വാക്കിന് ‘അയയ്‍ക്കപ്പെട്ടവൻ’ എന്നാണർഥം. അങ്ങനെ അവൻ പോയി കഴുകി കാഴ്ചപ്രാപിച്ചു തിരിച്ചുവന്നു. 8അയാളുടെ അയൽക്കാരും മുമ്പു ഭിക്ഷ യാചിക്കുന്നവനായി അയാളെ കണ്ടവരും, “ഇവനല്ലേ അവിടെയിരുന്നു ഭിക്ഷ യാചിച്ചിരുന്നത്?” എന്നു ചോദിച്ചു. 9“ഇവൻതന്നേ” എന്നു ചിലർ പറഞ്ഞു. “അല്ല, ഇവൻ അവനെപ്പോലെയിരിക്കുന്നു എന്നേയുള്ളൂ” എന്നു മറ്റു ചിലരും പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ, “അതു ഞാൻ തന്നെ” എന്നു പറഞ്ഞു. 10“എങ്ങനെയാണു നിനക്കു കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു. 11അയാൾ പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണിന്മേൽ പൂശി; ശീലോഹാം കുളത്തിൽ പോയി കഴുകുക എന്നു പറഞ്ഞു. ഞാൻ പോയി കഴുകി; കാഴ്ച പ്രാപിക്കുകയും ചെയ്തു.” 12“അയാൾ എവിടെ?” എന്ന് അവർ ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ” എന്ന് അയാൾ മറുപടി നല്‌കി.



യേശു നല്ല ഇടയൻ

7യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ ഉറപ്പിച്ചു പറയുന്നു, ആടുകളുടെ വാതിൽ ഞാനാകുന്നു. 8എനിക്കു മുമ്പു വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരുമായിരുന്നു. 9ആടുകൾ അവരെ ശ്രദ്ധിച്ചില്ല. ഞാനാകുന്നു വാതിൽ; എന്നിലൂടെ ആരെങ്കിലും അകത്തു പ്രവേശിക്കുന്നുവെങ്കിൽ അവർ സുരക്ഷിതനായിരിക്കും. അവൻ അകത്തു വരികയും പുറത്തുപോകുകയും മേച്ചിൽസ്ഥലം കണ്ടെത്തുകയും ചെയ്യും. 10മോഷ്ടാവു വരുന്നത് മോഷ്‍ടിക്കുവാനും കൊല്ലുവാനും നശിപ്പിക്കുവാനും മാത്രമാണ്. ഞാൻ വന്നത് അവയ്‍ക്കു ജീവൻ ഉണ്ടാകുവാനും അതു സമൃദ്ധമായിത്തീരുവാനും ആകുന്നു. 11“ഞാൻ നല്ല ഇടയനാകുന്നു. നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ പ്രാണൻ വെടിയുന്നു. 12പ്രത്യുത, ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. 13ആടുകളുടെ കാര്യത്തിൽ താത്പര്യമില്ലാത്ത കേവലം കൂലിക്കാരനായതുകൊണ്ടത്രേ അവൻ ഓടിപ്പോകുന്നത്. 14ഞാൻ നല്ല ഇടയനാകുന്നു. എന്റെ പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എന്റെ സ്വന്തം ആടുകളെയും അവ എന്നെയും അറിയുന്നു. 15ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. 16ഈ ആലയിൽപ്പെടാത്ത വേറെ ആടുകളും എനിക്കുണ്ട്; അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ ശബ്ദം ശ്രദ്ധിക്കും; അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും മാത്രം ആയിത്തീരുകയും ചെയ്യും. 17“വീണ്ടും പ്രാപിക്കേണ്ടതിന് എന്റെ ജീവൻ ഞാൻ അർപ്പിക്കുന്നു. അതുകൊണ്ട് എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നു. 18എന്റെ ജീവൻ എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല; പ്രത്യുത, ഞാൻ സ്വമേധയാ അർപ്പിക്കുകയാണു ചെയ്യുന്നത്. അത് അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ള കല്പനയാണിത്.” 19യേശുവിന്റെ ഈ വാക്കുകൾ മൂലം യെഹൂദന്മാരുടെ ഇടയിൽ വീണ്ടും ഭിന്നാഭിപ്രായമുണ്ടായി. അവരിൽ പലരും പറഞ്ഞു: 20“അയാളിൽ ഭൂതമുണ്ട്; അയാൾ ഭ്രാന്തനാണ്; അയാൾ പറയുന്നത് എന്തിനു ശ്രദ്ധിക്കുന്നു?” 21“ഒരു ഭൂതാവിഷ്ടന്റെ വാക്കുകളല്ല ഇവ; അന്ധന്മാർക്കു കാഴ്ച നല്‌കുവാൻ പിശാചിനു കഴിയുമോ?” എന്നു മറ്റു ചിലർ ചോദിച്ചു.



ഗ്രീക്കുകാർ യേശുവിനെ അന്വേഷിക്കുന്നു

20ഉത്സവത്തിന് ആരാധിക്കുവാൻ വന്നവരുടെ കൂട്ടത്തിൽ ഏതാനും ഗ്രീക്കുകാരുമുണ്ടായിരുന്നു. 21അവർ ഗലീലയിലെ ബെത്‍സെയ്ദക്കാരനായ ഫീലിപ്പോസിനെ സമീപിച്ച്, “യേശുവിനെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു. 22ഫീലിപ്പോസ് ഈ വിവരം അന്ത്രയാസിനെ അറിയിച്ചു. അവർ രണ്ടുപേരുംകൂടി ചെന്ന് യേശുവിനോട് ഇക്കാര്യം പറഞ്ഞു. 23അപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ മഹത്ത്വപ്പെടുന്നതിനുള്ള സമയം ഇതാ വന്നിരിക്കുന്നു. ഞാൻ ഉറപ്പിച്ചുപറയുന്നു: 24കോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് ഒരേ ഒരു മണിയായിത്തന്നെ ഇരിക്കും. എന്നാൽ അത് അഴിയുന്നെങ്കിൽ സമൃദ്ധമായ വിളവു നല്‌കുന്നു. 25തന്റെ ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടുന്നു. ഈ ലോകത്തിൽവച്ചു തന്റെ ജീവനെ വെറുക്കുന്നവൻ അനശ്വരജീവനുവേണ്ടി അതു സൂക്ഷിക്കുന്നു. 26എന്നെ സേവിക്കുന്നവൻ എന്നെ അനുഗമിക്കട്ടെ; ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ ആയിരിക്കും എന്റെ സേവകനും. എന്നെ സേവിക്കുന്നവനെ എന്റെ പിതാവ് ആദരിക്കും.



പുതിയ കല്പന

31യൂദാസ് പോയപ്പോൾ യേശു അരുൾചെയ്തു: “മനുഷ്യപുത്രൻ ഇപ്പോൾ മഹത്ത്വപ്പെട്ടിരിക്കുന്നു; അവനിലൂടെ ദൈവവും മഹത്ത്വപ്പെട്ടിരിക്കുന്നു. 32ദൈവം മനുഷ്യപുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ ദൈവം പുത്രനെ മഹത്ത്വപ്പെടുത്തും; ഉടനെ അതു സംഭവിക്കുകയും ചെയ്യും. 33കുഞ്ഞുങ്ങളേ, ഞാൻ ഇനി അല്പസമയം കൂടിയേ നിങ്ങളോടുകൂടി ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ കഴിയുകയില്ല എന്നു യെഹൂദന്മാരോടു ഞാൻ പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു. 34ഒരു പുതിയ കല്പന ഞാൻ നിങ്ങൾക്കു നല്‌കുന്നു; നിങ്ങൾ അന്യോന്യം സ്നേഹിക്കുക; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം. 35നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”



വഴിയും സത്യവും ജീവനും

1“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; ദൈവത്തിൽ വിശ്വസിക്കുക; എന്നിലും വിശ്വസിക്കുക. 2എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു വാസസ്ഥലം ഒരുക്കുവാൻ പോകുന്നു എന്നു ഞാൻ പറയുമായിരുന്നുവോ? 3ഞാൻ എവിടെ ആയിരിക്കുന്നുവോ, അവിടെ നിങ്ങളും ഉണ്ടായിരിക്കേണ്ടതിന് ഞാൻ പോയി സ്ഥലം ഒരുക്കിയശേഷം വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും. 4ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.” 5തോമസ് യേശുവിനോട്, “ഗുരോ, എവിടേക്കാണ് അങ്ങു പോകുന്നതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ; പിന്നെ എങ്ങനെയാണു വഴി അറിയുക” എന്നു ചോദിച്ചു. 6യേശു മറുപടി പറഞ്ഞു: “വഴിയും സത്യവും ജീവനും ഞാൻ തന്നെയാണ്; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. 7നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇപ്പോൾമുതൽ നിങ്ങൾ അവിടുത്തെ അറിയുന്നു, നിങ്ങൾ അവിടുത്തെ ദർശിച്ചുമിരിക്കുന്നു.” 8അപ്പോൾ ഫീലിപ്പോസ്, “ഗുരോ, പിതാവിനെ ഞങ്ങൾക്കു കാണിച്ചുതന്നാലും; ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു. 9യേശു ഇപ്രകാരം അരുൾചെയ്തു: “ഇത്രയുംകാലം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരുന്നിട്ടും നിനക്ക് എന്നെ മനസ്സിലായില്ലല്ലോ ഫീലിപ്പോസേ; എന്നെ കണ്ടിട്ടുള്ളവൻ എന്റെ പിതാവിനെയും കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണമെന്നു നീ പറയുന്നത് എന്താണ്! 10ഞാൻ പിതാവിലും പിതാവ് എന്നിലുമാകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? നിങ്ങളോടു ഞാൻ പറയുന്ന ഈ വാക്കുകൾ എന്റെ സ്വന്തമല്ല; പിതാവ് എന്നിൽ വസിച്ച് എന്നിലൂടെ തന്റെ പ്രവൃത്തികൾ നിർവഹിക്കുന്നു. 11ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക, അല്ലെങ്കിൽ എന്റെ പ്രവൃത്തികൾകൊണ്ടെങ്കിലും വിശ്വസിക്കുക. 12ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു; എന്നിൽ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും. 13പിതാവിന്റെ മഹത്ത്വം പുത്രനിൽക്കൂടി വെളിപ്പെടുന്നതിന് എന്റെ നാമത്തിൽ നിങ്ങൾ എന്തുതന്നെ അപേക്ഷിച്ചാലും ഞാൻ നിങ്ങൾക്കു ചെയ്തുതരും. 14എന്റെ നാമത്തിൽ നിങ്ങൾ എന്തെങ്കിലും അപേക്ഷിക്കുന്നെങ്കിൽ അതു ഞാൻ ചെയ്തുതരും.

പരിശുദ്ധാത്മദാനത്തെപ്പറ്റി

15“നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ എന്റെ കല്പനകൾ അനുസരിക്കും. 16ഞാൻ പിതാവിനോട് അപേക്ഷിക്കുകയും അവിടുന്നു സത്യത്തിന്റെ ആത്മാവിനെ മറ്റൊരു സഹായകനായി നിങ്ങളോടുകൂടി എന്നേക്കും ഇരിക്കുവാൻ നിങ്ങൾക്കു നല്‌കുകയും ചെയ്യും. 17ലോകം ആ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ല; അതിനാൽ ലോകത്തിന് അവിടുത്തെ സ്വീകരിക്കുവാനും കഴിയുകയില്ല. നിങ്ങൾ അവിടുത്തെ അറിയുന്നു; എന്തെന്നാൽ അവിടുന്നു നിങ്ങളോടുകൂടി ഇരിക്കുകയും നിങ്ങളിൽ വസിക്കുകയും ചെയ്യുന്നു. 18“ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽ വരും. 19അല്പസമയംകൂടി കഴിഞ്ഞാൽ ലോകം എന്നെ കാണുകയില്ല; എന്നാൽ നിങ്ങൾ എന്നെ കാണും; ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും. 20ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും ആകുന്നുവെന്ന് നിങ്ങൾ അന്നു ഗ്രഹിക്കും. 21“എന്റെ കല്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവനാണ് എന്നെ സ്നേഹിക്കുന്നവൻ. എന്നെ സ്നേഹിക്കുന്നവനെ എന്റെ പിതാവു സ്നേഹിക്കും; ഞാനും അവനെ സ്നേഹിക്കുകയും എന്നെത്തന്നെ അവനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.” 22അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ യേശുവിനോട് “ഗുരോ, അങ്ങ് അങ്ങയെത്തന്നെ ലോകത്തിന് വെളിപ്പെടുത്താതെ ഞങ്ങൾക്കു മാത്രം വെളിപ്പെടുത്തുന്നത് എങ്ങനെയാണ്?” എന്നു ചോദിച്ചു. 23യേശു പ്രതിവചിച്ചു: “എന്നെ സ്നേഹിക്കുന്ന ഏതൊരുവനും എന്റെ വചനം അനുസരിക്കും. എന്റെ പിതാവ് അവനെ സ്നേഹിക്കുകയും ഞങ്ങൾ വന്ന് അവനോടുകൂടി വാസമുറപ്പിക്കുകയും ചെയ്യും. 24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനങ്ങൾ അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന വചനം എന്റെ സ്വന്തമല്ല എന്നെ അയച്ച പിതാവിൻറേതത്രേ. 25“ഞാൻ നിങ്ങളുടെ കൂടെയുള്ളപ്പോൾത്തന്നെ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിച്ചിരിക്കുന്നു. 26എന്നാൽ എന്റെ നാമത്തിൽ പിതാവ് അയയ്‍ക്കുവാൻ പോകുന്ന പരിശുദ്ധാത്മാവ് എന്ന സഹായകൻ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും; ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം അനുസ്മരിപ്പിക്കുകയും ചെയ്യും. 27“സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടു പോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു. ലോകം നല്‌കുന്നതുപോലെയുള്ള സമാധാനമല്ല ഞാൻ നിങ്ങൾക്കു നല്‌കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്; നിങ്ങൾ ഭയപ്പെടുകയും അരുത്. 28ഞാൻ പോകുകയാണെന്നും നിങ്ങളുടെയടുക്കൽ മടങ്ങി വരുമെന്നും ഞാൻ പറഞ്ഞത് നിങ്ങൾ കേട്ടുവല്ലോ. നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. പിതാവ് എന്നെക്കാൾ വലിയവനാണല്ലോ. 29മുൻകൂട്ടി ഞാനിതു പറഞ്ഞത് ഇതു സംഭവിക്കുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടാകുവാനാണ്. 30നിങ്ങളോടു സംസാരിക്കുവാൻ എനിക്കിനി അധികം സമയമില്ല. എന്തെന്നാൽ ഈ ലോകത്തിന്റെ അധിപതി വരുന്നു. എങ്കിലും അവന് എന്റെമേൽ ഒരധികാരവുമില്ല. 31എന്നാൽ ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നു ലോകം അറിയേണ്ടതിന് പിതാവ് എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു. “എഴുന്നേല്‌ക്കുക; നമുക്കു പുറപ്പെടാം.”



യഥാർഥ മുന്തിരിച്ചെടി

1“ഞാൻ യഥാർഥ മുന്തിരിച്ചെടിയും എന്റെ പിതാവു കൃഷിക്കാരനുമാകുന്നു. 2അവിടുന്നു ഫലം കായ്‍ക്കാത്ത എല്ലാ ശാഖകളും എന്നിൽനിന്ന് വെട്ടിക്കളയുന്നു. ഫലം കായ്‍ക്കുന്നവ കൂടുതൽ ഫലം നല്‌കേണ്ടതിനു തലപ്പുകൾ കോതി വൃത്തിയാക്കുന്നു. 3ഞാൻ നിങ്ങളോടു സംസാരിച്ചിട്ടുള്ള വചനംമൂലം നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു. 4എന്നിൽ വസിക്കുക; ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ സ്ഥിതിചെയ്യാത്ത ശാഖയ്‍ക്കു സ്വയമേവ ഫലം കായ്‍ക്കുവാൻ കഴിയുകയില്ല. അതുപോലെ എന്നിൽ വസിക്കാതെയിരുന്നാൽ നിങ്ങൾക്കും ഫലം കായ്‍ക്കുവാൻ സാധ്യമല്ല. 5“ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാകുന്നു; ഒരുവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ, അവൻ ധാരാളം ഫലം പുറപ്പെടുവിക്കും. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല. 6എന്നിൽ വസിക്കാത്തവൻ ഒരു ശാഖയെന്നപോലെ പുറത്തെറിയപ്പെട്ട് ഉണങ്ങിപ്പോകും. ഉണങ്ങിയ ശാഖകൾ ശേഖരിച്ചു തീയിലിട്ടു ചുട്ടുകളയുന്നു; 7നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ കുടികൊള്ളുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കും. 8നിങ്ങൾ ധാരാളം ഫലം കായ്‍ക്കുന്നതിനാൽ എന്റെ പിതാവു മഹത്ത്വപ്പെടുന്നു. അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാരായിത്തീരുന്നു. 9എന്റെ പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ നിങ്ങൾ നിലനില്‌ക്കുക. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ അനുസരിച്ച് അവിടുത്തെ സ്നേഹത്തിൽ നിലനില്‌ക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ നിലനില്‌ക്കും. 11“എന്റെ ആനന്ദം നിങ്ങളിൽ ഉണ്ടായിരിക്കുവാനും നിങ്ങളുടെ ആനന്ദം സമ്പൂർണമാകുവാനും വേണ്ടിയാണ് ഇവയെല്ലാം ഞാൻ നിങ്ങളോടു സംസാരിച്ചത്. 12ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണമെന്നാണ് എന്റെ കല്പന. 13സ്നേഹിതന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലുതായ സ്നേഹം ആർക്കുമില്ലല്ലോ. 14ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതന്മാരാണ്. 15ഇനിയും നിങ്ങളെ ദാസന്മാരെന്ന് ഞാൻ വിളിക്കുന്നില്ല; യജമാനൻ ചെയ്യുന്നത് എന്താണെന്നു ദാസൻ അറിയുന്നില്ലല്ലോ. എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു; അതുകാണ്ടാണ് എന്റെ സ്നേഹിതന്മാരെന്നു ഞാൻ നിങ്ങളെ വിളിക്കുന്നത്. 16നിങ്ങൾ പോയി നിലനില്‌ക്കുന്ന ഫലം പുറപ്പെടുവിക്കുന്നതിന് ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. അതുകൊണ്ട് എന്റെ നാമത്തിൽ നിങ്ങൾ പിതാവിനോട് എന്തപേക്ഷിച്ചാലും അവിടുന്നു നിങ്ങൾക്കു നല്‌കും. 17നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതിനുവേണ്ടിയാണ് ഇവയെല്ലാം ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്നത്.



യേശുവിന്റെ പ്രാർഥന

1ഇതു പറഞ്ഞശേഷം യേശു സ്വർഗത്തിലേക്കു ദൃഷ്‍ടികളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ആയിരിക്കുന്നു. അവിടുത്തെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തിയാലും. 2അവിടുന്ന് ഏല്പിച്ചിട്ടുള്ളവർക്കെല്ലാം അനശ്വരജീവൻ നല്‌കേണ്ടതിനു സകല മനുഷ്യരുടെയുംമേൽ അവിടുത്തെ പുത്രന് അധികാരം നല്‌കിയിരിക്കുന്നു. 3ഏക സത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെയാണല്ലോ അനശ്വരജീവൻ. 4അങ്ങ് എന്നെ ഏല്പിച്ച ജോലി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തി. 5പിതാവേ, പ്രപഞ്ചോല്പത്തിക്കുമുമ്പ് എനിക്ക് അങ്ങയോടുകൂടിയുണ്ടായിരുന്ന മഹത്ത്വത്താൽ ഇപ്പോൾ എന്നെ മഹത്ത്വപ്പെടുത്തണമേ. 6ലോകത്തിൽനിന്ന് എനിക്കു നല്‌കിയവർക്ക് അവിടുത്തെ നാമം ഞാൻ വെളിപ്പെടുത്തി. അവർ അങ്ങേക്കുള്ളവരായിരുന്നു. അങ്ങ് അവരെ എനിക്കു നല്‌കി; അങ്ങയുടെ വചനം അവർ അനുസരിക്കുകയും ചെയ്തിരിക്കുന്നു. 7എനിക്ക് അങ്ങു നല്‌കിയിട്ടുള്ളതെല്ലാം അങ്ങയിൽനിന്നുള്ളവയാണെന്ന് ഇപ്പോൾ അവർ അറിഞ്ഞിരിക്കുന്നു. 8എന്തെന്നാൽ അവിടുന്ന് എനിക്കു നല്‌കിയ ഉപദേശങ്ങൾ ഞാൻ അവർക്കു നല്‌കി. അവർ അതു സ്വീകരിക്കുകയും അങ്ങയിൽനിന്നാണു ഞാൻ വന്നതെന്ന് യഥാർഥമായി ഗ്രഹിക്കുകയും അവിടുന്നാണ് എന്നെ അയച്ചതെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. 9“ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു നല്‌കിയിട്ടുള്ളവർ അവിടുത്തെ സ്വന്തം ആയതുകൊണ്ട് അവർക്കുവേണ്ടിയാണ് ഞാൻ അപേക്ഷിക്കുന്നത്. 10എനിക്കുള്ളവരെല്ലാം അങ്ങേക്കുള്ളവർതന്നെ; അങ്ങേക്കുള്ളവർ എനിക്കുള്ളവരും. അവരിൽകൂടി എന്റെ മഹത്ത്വം വെളിപ്പെട്ടിരിക്കുന്നു. 11ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തിൽ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാൻ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തിൽ കാത്തുകൊള്ളണമേ. 12അവരോടുകൂടി ആയിരുന്നപ്പോൾ അവിടുത്തെ നാമത്തിനു ചേർന്നവിധം ഞാൻ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരിൽ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ. 13ഇപ്പോൾ ഞാൻ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്റെ ആനന്ദം അവർക്കു സമ്പൂർണമായി ഉണ്ടാകുവാൻ ഞാൻ ലോകത്തിൽവച്ച് ഇതു സംസാരിക്കുന്നു. 14അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. 15അവരെ ലോകത്തിൽനിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയിൽനിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാൻ പ്രാർഥിക്കുന്നു. 16ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ. 17സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. 18അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. 19സത്യത്താൽ അവർ അങ്ങേക്കു സമർപ്പിക്കപ്പെടുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. 20“അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. 21പിതാവേ, അവിടുന്ന് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാൻവേണ്ടി അവർ നമ്മിലായിത്തീരണമേ. 22അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാൻവേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാൻ അവർക്കു നല്‌കിയിരിക്കുന്നു. 23അങ്ങനെ ഞാൻ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാൽ, അവർ സമ്പൂർണമായി ഐക്യത്തിൽ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവർഗം അറിയുന്നതിന് ഇടയാകട്ടെ. 24“പിതാവേ, പ്രപഞ്ചസൃഷ്‍ടിക്കു മുമ്പുതന്നെ അങ്ങ് എന്നെ സ്നേഹിച്ചിരുന്നു. ആ സ്നേഹം മൂലം അങ്ങ് എനിക്കു നല്‌കിയിരിക്കുന്ന മഹത്ത്വം എനിക്കു നല്‌കിയിട്ടുള്ളവർ ദർശിക്കുന്നതിന് ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ അവരും ഉണ്ടായിരിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നു. 25നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിഞ്ഞിട്ടില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചു എന്ന് ഇവരും അറിയുന്നു. 26അങ്ങേക്ക് എന്നോടുള്ള സ്നേഹം ഇവരിൽ ഉണ്ടായിരിക്കുന്നതിനും ഞാൻ ഇവരിൽ വസിക്കുന്നതിനും അങ്ങയുടെ നാമം ഞാൻ ഇവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനി വെളിപ്പെടുത്തുകയും ചെയ്യും.”



യേശു പ്രാണൻ വെടിയുന്നു

28അതിനുശേഷം സകലവും പൂർത്തിയായിരിക്കുന്നു എന്ന് യേശു അറിഞ്ഞുകൊണ്ട് “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു. വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു സംഭവിക്കേണ്ടതാണല്ലോ. 29അവിടെ ഒരു ഭരണി നിറയെ പുളിച്ചവീഞ്ഞു വച്ചിരുന്നു. അവർ ആ പുളിച്ചവീഞ്ഞിൽ സ്പഞ്ചു മുക്കി ഒരു കോലിൽവച്ച് അവിടുത്തെ വായോട് അടുപ്പിച്ചു പിടിച്ചു. 30പുളിച്ചവീഞ്ഞ് സ്വീകരിച്ചശേഷം “എല്ലാം പൂർത്തിയായിരിക്കുന്നു” എന്ന് അവിടുന്ന് അരുൾചെയ്തു. അനന്തരം അവിടുന്നു തലകുനിച്ചു പ്രാണൻ വെടിഞ്ഞു. 31ശബത്തിന്റെ ഒരുക്കനാളായിരുന്നല്ലോ അന്ന്. ആ ശബത്താകട്ടെ അതിപ്രധാനവുമായിരുന്നു. ശബത്തിൽ ശരീരങ്ങൾ കുരിശിൽ കിടക്കുന്നത് ശരിയല്ലാത്തതുകൊണ്ട് കാലുകൾ ഒടിച്ചു നീക്കം ചെയ്യണമെന്ന് യെഹൂദന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു. 32അതനുസരിച്ചു പടയാളികൾ വന്ന് യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട ആദ്യത്തെ ആളിന്റെയും അപരന്റെയും കാലുകൾ ഒടിച്ചു. 33എന്നാൽ അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവിടുന്നു മരിച്ചു കഴിഞ്ഞതായി മനസ്സിലാക്കിയതിനാൽ അവിടുത്തെ കാലുകൾ ഒടിച്ചില്ല. 34എങ്കിലും പടയാളികളിൽ ഒരുവൻ അവിടുത്തെ പാർശ്വത്തിൽ കുന്തം കുത്തിയിറക്കി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി. 35നിങ്ങളും വിശ്വസിക്കുന്നതിനായി ഇതു നേരിൽ കണ്ടയാളാണ് ഇതിനു സാക്ഷ്യം വഹിച്ചിരിക്കുന്നത്. അയാളുടെ സാക്ഷ്യം സത്യമാകുന്നു. സത്യമാണു താൻ പറയുന്നത് എന്ന് അയാൾക്കു ബോധ്യവുമുണ്ട്. 36‘അവിടുത്തെ ഒരു അസ്ഥിയും ഒടിക്കപ്പെടുകയില്ല’ എന്നു വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഈ സംഭവത്തിലൂടെ സത്യമായിത്തീർന്നു. 37തങ്ങൾ കുത്തിത്തുളച്ചവനിലേക്ക് അവർ നോക്കും; എന്ന് മറ്റൊരു ലിഖിതവുമുണ്ടല്ലോ.



ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു

19ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാർ ഇരുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട് “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുൾചെയ്തു. 20അതിനുശേഷം അവിടുന്ന് തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ അവർ ആനന്ദഭരിതരായി. 21യേശു വീണ്ടും അരുൾചെയ്തു: “നിങ്ങൾക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‍ക്കുന്നു.” 22ഇതു പറഞ്ഞശേഷം അവിടുന്ന് അവരുടെമേൽ ഊതി. “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക; 23നിങ്ങൾ ആരുടെ പാപങ്ങൾക്കു മാപ്പു കൊടുക്കുന്നുവോ അവർക്കു മാപ്പു ലഭിക്കുന്നു; ആരുടെ പാപങ്ങൾക്കു മോചനം നല്‌കാതിരിക്കുന്നുവോ അവ മോചിക്കപ്പെടാതിരിക്കുന്നു” എന്നും അവരോട് അരുൾചെയ്തു.